10:12am 25 May 2026
NEWS
ഒരു നേതാവ്,ഒരു പദവി നയം ഹൈക്കമാണ്ട് നടപ്പാക്കണമെന്ന് കർണാടക മന്ത്രി രാജണ്ണ
06/01/2025  02:29 PM IST
വിഷ്ണുമംഗലം കുമാർ
ഒരു നേതാവ്,ഒരു പദവി നയം ഹൈക്കമാണ്ട് നടപ്പാക്കണമെന്ന് കർണാടക മന്ത്രി രാജണ്ണ

കർണാടകം : കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിനകത്ത് അധികാരത്തർക്കവുമായി ബന്ധപ്പെട്ട ശീതസമരം ശക്തിപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചെലുത്തുന്ന സമ്മർദ്ദമാണ് വിഭാഗീയത ബലപ്പെടുത്തുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചു വഹിക്കുന്ന ശിവകുമാർ വിദേശത്താണ്. ആ അവസരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണക്കുന്ന 'അഹിന്ദ' ഗ്രൂപ്പിൽ പെടുന്ന മന്ത്രിമാരും എംഎൽഎമാരും യോഗം ചേർന്നിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ ശ്രമമുണ്ടായാൽ ചെറുക്കാനാണ് 'അഹിന്ദ'യുടെ തീരുമാനം. ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന വാർത്തയുണ്ട്. അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയ മുഡ കേസ്സിൽ ഹൈക്കോടതി വിധി ഉടനെ ഉണ്ടായേക്കും. അതിനിടെ, ഹൈക്കമാണ്ട് ഒരു നേതാവ്, ഒരു പദവി നയം വിട്ടുവീഴ്ച കൂടാതെ നടപ്പാക്കണമെന്ന് സഹകരണമന്ത്രി കെ എൻ രാജണ്ണ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ആത്മബന്ധമുള്ള നേതാവാണ് രാജണ്ണ. അത് നടപ്പിലാക്കാനുള്ള ശേഷി ഹൈക്കമാണ്ടിന് ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഹൈക്കമാണ്ട് മുമ്പേത്തെക്കാൾ എത്രയോ ശക്തമാണിപ്പോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. " 1979 ൽ ദേവരാജ് അറസ് മുഖ്യമന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷപദവിയും ഒന്നിച്ചുവഹിച്ചിരുന്നു. ഒരു പദവി ഒഴിയാൻ ഹൈക്കമാണ്ട് നിർദ്ദേശിച്ചിട്ടും അദ്ദേഹം അനുസരിച്ചില്ല. തുടർന്ന് ഹൈക്കമാണ്ട് അദ്ദേഹത്തെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റുകയായിരുന്നു."രാജണ്ണ ചൂണ്ടിക്കാട്ടി. ഡി കെ ശിവകുമാറിനെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റി ദുർബ്ബലനാക്കി സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനുള്ള കരുനീക്കമാണ് അഹിന്ദ നേതാക്കൾ നടത്തുന്നത്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചാലല്ലാതെ ശിവകുമാർ അധ്യക്ഷ പദവി ഒഴിയുകയില്ല. അത് അദ്ദേഹം ഹൈക്കമാണ്ടിനെ ധരിപ്പിച്ചിട്ടുണ്ട്. " ലോകസഭാ തെരഞ്ഞെടുപ്പ് വരെ ശിവകുമാർ ഉപമുഖ്യമന്ത്രി പദവിയും പിസിസി അധ്യക്ഷ സ്ഥാനവും ഒന്നിച്ചുവഹിക്കുമെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായി. അക്കാര്യം ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയാണ്" മന്ത്രി രാജണ്ണ വ്യക്തമാക്കി. സംസ്ഥാന ഭരണത്തിലും കോൺഗ്രസ്സ് നേതൃത്വത്തിലും ഏറെ വൈകാതെ മാറ്റങ്ങളുണ്ടായേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img